Sunday, August 10, 2014

നിങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ നന്നായി എനിക്കറിയാം.

ദൈവം ഉണ്ടോ ഇല്ലയോ എന്നതുപോലെയുള്ള വലിയ ചോദ്യങ്ങള്‍ 
അവിടെ ഇരിക്കട്ടെ. പ്രപഞ്ചം ആര്‍ സൃഷ്ടിച്ചു എന്ന വാദവും വിട്ടേക്കുക.
വലിയ തത്വചിന്താശേഷിയൊന്നും ഇല്ലാത്ത ഒരു സാധാരണക്കാരനായ 
മുസല്‍മാന് അതല്ലാതെത്തന്നെ എത്രയോ വിഷയങ്ങള്‍ വേറെക്കിടക്കുന്നു!
ഇന്ത്യന്‍ മുസ്ലീമുകള്‍ക്കാവട്ടെ അവയിലൊന്നുമല്ല കാതലായ താല്പര്യം.

പാക്കിസ്ഥാന്‍ പൌരത്വത്തിന്റെ പേരില്‍ സമുദായത്തില്‍ നിന്നും
മുതിര്‍ന്ന പൌരന്മാരെപ്പോലും പിടിച്ചുകൊണ്ടുപോയി മരണത്തിനും
പാക്കിസ്ഥാനും നടുവില്‍ വിട്ടുപോരുന്ന നിര്‍ദ്ദയമായ നടപടിക്കൊരു
ശാശ്വതമായ പരിഹാരം വേണ്ടതല്ലേ?

തെളിയിക്കപ്പെടാത്ത കുറ്റങ്ങളുടെ പേരിലുള്ള ആരോപണങ്ങള്‍ മാത്രം
അടിസ്ഥാനമാക്കി മ അദനിയെ പോലുള്ള വിചാരണ തടവുകാരെ
പകല്‍ വെളിച്ചം കാണിക്കാതെ തടവറകളില്‍ തള്ളിയിടുന്ന കിരാതത്വം
അവസാനിച്ചുകാണേണ്ടതല്ലേ?

ഭീകരവിരുദ്ധ യുദ്ധനാടകങ്ങള്‍ നടത്തി സേനകള്‍ പഞ്ചപാവങ്ങളായ
മുസ്ലീം യുവാക്കളെ ചുട്ടുതള്ളുന്നത് നിര്‍ത്തലാക്കേണ്ടേ?

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സ്ഥിരം സേനാസാന്നിദ്ധ്യം നിലനിര്‍ത്തി
അവിടത്തെ സാധാരണക്കാരുടെ സ്വൈരജീവിതം ദുരിതപൂര്‍ണ്ണ
മാക്കുന്നത് അവസാനിപ്പിക്കേണ്ടതില്ലേ?

രാജ്യത്തില്‍ ഇസ്ലാമിക് ഫോബിയ യാഥാര്‍ത്ഥ്യമായി വരുന്ന
പശ്ചാത്തലത്തില്‍ വിവേകപൂര്‍വ്വം അതിനെ തുടച്ചുനീക്കാന്‍ വേണ്ട
സമൂഹമൈത്രിയുടെ പാഠങ്ങള്‍ സമുദായത്തെ പഠിപ്പിക്കേണ്ടേ?

ചുരുക്കം ചില മാഫിയാ മുതലാളികള്‍ ക്വാറികളും, ടോള്‍ ബൂത്തുകളും,
ശതകോടികളുടെ ടെണ്ടറുകളും, സ്വന്തമാക്കി രാജ്യത്തിന്റെ സമ്പത്ത്
മുഴുക്കെ കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ , അശരണര്‍ക്ക് വരാനിരിക്കുന്നത്
വറുതിയുടെ ദിനങ്ങളാണെന്ന വാസ്തവം വിലയിരുത്തി,
സമത്വത്തിനായ് സോഷ്യലിസ്റ്റ് ഭരണം നടപ്പായിക്കിട്ടാന്‍ ഒരുമെയ്യായി
രാഷ്ട്രീയത്തില്‍ ഇറങ്ങി നില്‍ക്കേണ്ടേ?

അന്യമതസ്തരുടെയും, യുക്തിവാദികളുടെയും, ആശയപ്രചാരണ
സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ മാത്രം കാണിക്കുന്ന ആവേശം,
ഇക്കൂട്ടര്‍ക്ക് അവനവന്റെ സമുദായത്തെ ഇളിച്ചുകാട്ടുന്ന ഇത്തരം വലിയവലിയ
പ്രശ്നങ്ങളെ നേരിടാന്‍ കൂടി പ്രയോഗിക്കാന്‍ വിവേകം ഉദിച്ചിരുന്നെങ്കില്‍ !

ഇത്തരം പ്രശ്നങ്ങളില്‍ അവര്‍ക്ക് ആകെക്കൂടി ലഭിക്കുന്ന ഒരു സഹായം
ഇടതുപക്ഷങ്ങളില്‍ നിന്നും, യുക്തിവാദികളായ മനുഷ്യാവകാശ
പ്രവര്‍ത്തകരില്‍ നിന്നുമാണ്. എന്നാല്‍ അവരെയോ;
സ്വന്തം അസഹിഷ്ണുതയാല്‍ വെറുപ്പിച്ചകറ്റാന്‍ മാത്രം ഇവരൊക്കെ
മിനക്കെട്ടു നടക്കുകയും ചെയ്തുകാണുന്നു.
(എല്ലാവരെയും അടച്ചുപറയുകയല്ല. ഏറെക്കുറെ പേരും ഇങ്ങനെയാണ്.)

തിന്നാന്‍ ഏറെയുള്ള കാര്‍ഷികരാജ്യമാണ് ഇന്ത്യ.
എന്നിട്ടും ഇവിടെ ജനം പട്ടിണികിടക്കുന്നുണ്ടെങ്കില്‍ അതിനു 

കാരണം വീതിച്ചു തിന്നാത്തതാണ്. ഉണ്ടായിട്ടും പട്ടിണി കിടന്നു നോമ്പ് 
അനുഷ്ഠിച്ചിട്ട് കാര്യമൊന്നുമില്ല. ആ സത്യം ശ്രദ്ധയില്‍ പെടുത്തിയവന്റെ 
വായടപ്പിക്കാന്‍ പാഞ്ഞുനടന്നിട്ട് പ്രയോജനവുമില്ല. 

എല്ലാ മതത്തില്‍ പെട്ടവരെയും, മതങ്ങളില്‍ വിശ്വസിക്കാത്ത യുക്തിവാദി
കളായ മറ്റുള്ളവരെയും, മനുഷ്യരായും, സഹജീവികളായും കാണുക.
അവരൊക്കെ അജ്ഞാനികളാണെന്ന നിങ്ങളുടെ ആരോപണം
എത്രമാത്രം പരിഹാസ്യമാണെണോ!

നിങ്ങളില്‍ ഭൂരിപക്ഷവും ഞങ്ങളെ ശത്രുക്കളായി കാണുന്നവരാണ്.
അതങ്ങനെ ആകരുതായിരുന്നു!
ആരെയും അകറ്റാനല്ല ശ്രമിക്കേണ്ടത്. കൂടുതല്‍ അടുപ്പിക്കാനാണ്.

മതം എന്തുതന്നെയാവട്ടെ, അത് അവനവന്റെ സ്വകാര്യതയില്‍
സംരക്ഷിക്കാന്‍ ഇവിടെ എല്ലാവര്‍ക്കും അവകാശമുണ്ട്‌ . എന്നാല്‍
മൈക്ക് വെച്ചു പ്രാര്‍ഥിച്ചുകൊണ്ട് മറ്റുള്ളവരെ ശല്യം ചെയ്യാന്‍
ആ അവസരങ്ങള്‍ മാറ്റിയെടുക്കുമ്പോഴാണ് മതവിശ്വാസം
മനുഷ്യദ്രോഹമാവുന്നത്.

നിങ്ങളുടെ മതത്തെ ഞാന്‍ തെല്ലും സ്നേഹിക്കുന്നില്ല.
എന്നാല്‍ എല്ലാ മതങ്ങളിലെയും മനുഷ്യരെ ഞാന്‍ സ്നേഹിക്കുന്നു.
നിങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ നന്നായി എനിക്കറിയാം.
അവയ്ക്ക് നിവൃത്തിയുണ്ടാക്കാന്‍ നിങ്ങളില്‍ ഒരാളായി മുന്നോട്ടുവരാനും 

ഞാനൊരുക്കമാണ്. എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹാശംസകള്‍

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.