Thursday, August 14, 2014

നമ്മുടെ സ്വാതന്ത്ര്യം വെറും ഭാവന മാത്രമോ?


അറിഞ്ഞുവെച്ച ചരിത്രം മുതലിങ്ങോട്ട്‌ എട്ടോ, പത്തോ, സഹസ്രാബ്ദങ്ങളുടെ
പഴക്കമുള്ള ഒരു സംസ്കാരമാണ് ഇന്നത്തെ ഭാരതത്തിനുള്ളത്‌. ആര്യന്മാരും
ദ്രാവിഡന്മാരും, നമ്മുടെ പൂര്‍വ്വികരാകുന്ന കാലത്തിനു മുമ്പും ഇവിടെ പലപല
തലമുറകള്‍ ജീവിച്ചുമരിച്ചു മറഞ്ഞിരിക്കാം. അനവധി അധിനിവേശങ്ങള്‍ക്ക്
അടിമകളായിപ്പോന്ന, നിരവധി ജനസഞ്ചയങ്ങള്‍ ഈ മണ്ണില്‍ ഉണ്ടായിരുന്നു.

വംശാധിനിവേശങ്ങള്‍ മാത്രമായിരുന്നില്ല ഇന്നുവരെയും ഈ മണ്ണില്‍
സംഭവിച്ചു പോന്നിട്ടുള്ളത്. ആശയങ്ങളുടെ അധിനിവേശങ്ങളും ഇവിടത്തെ
മനുഷ്യനിവാസികളെ അതിശക്തമായി സ്വാധീനിച്ചിട്ടുണ്ട്.

അന്യഭൂമികളിലെ ആക്രമണകാരികളായ ജനങ്ങളാല്‍ ഭൌതീകമായി മാത്രം
കീഴ്പ്പെടുന്നതിനു പുറമേ, അവനവന്‍ വിശ്വസിക്കാത്ത അനഭിലഷണീയങ്ങളായ
ആശയസംഹിതകള്‍ക്കു വഴങ്ങിക്കൊടുക്കേണ്ടതായ ദുരന്തങ്ങളേയും നാം
അടിമത്വമായിത്തന്നെ ഗണിച്ചുവെക്കേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ പറഞ്ഞുപോന്ന രണ്ടുതരം അടിമത്വങ്ങളില്‍ ഇനിയും അഭംഗുരം
നടന്നുപോന്നുകൊണ്ടിരിക്കുന്നതാണ് ആശയതലങ്ങളിലെ അടിമത്വം.

പ്രത്യക്ഷത്തില്‍ സുരക്ഷിതവും, മേന്മയേറിയതും, എന്നു തോന്നിപ്പിക്കാവു
ന്നതായ ഒരുതരം ജനാധിപത്യ വ്യവസ്ഥ ഏതാണ്ട് അര നൂറ്റാണ്ടായി നാം
അനുഭവിച്ചുപോരുകയാണ്. 1947ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം
നേടിയതിനു ശേഷം കരാഗതമായ ആ ജനാതിപത്യ വ്യവസ്ഥ പറയത്തക്ക
വ്യത്യാസമൊന്നും കൂടാതെ ഇന്നും നമ്മുടെ നാട്ടില്‍ നിലനിന്നുപോരുന്നു.

ആ വ്യവസ്ഥയുടെ ഭാഗമായ ഒരുതരം ആശയസ്വാതന്ത്ര്യവും, വിശ്വാസ
സ്വാതന്ത്ര്യവും, ആസ്വദിക്കാനുള്ള അവകാശം ഭരണഘടന ഇന്ത്യന്‍ പൌരനു
നല്‍കേണ്ടതുണ്ടെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ചോദ്യങ്ങള്‍ ചൂണ്ടപ്പെടുന്നതും
ഭരണഘടനയുടെ താരതമ്യേന ദുര്‍ബ്ബലമായ ഈ പ്രദേശങ്ങളിലേക്കാണ്.

അളവറ്റ ധനം സമ്പാദിക്കാനുള്ള അവസരങ്ങള്‍ നമ്മുടെ ഭരണഘടന
അതിന്റെ പൌരന്മാരില്‍ ആര്‍ക്കും നിഷേധിച്ചുവെച്ചിട്ടില്ല. രാജ്യത്തിലെ
വിഭവങ്ങള്‍ ഏറെക്കുറെ തുല്യമായി എല്ലാവരിലും ചെന്നെത്തണം എന്ന
നിബന്ധനയോടു കൂടിയ വിതരണക്രമം നമ്മുടെ രാഷ്ട്രനീതിശാസ്ത്രത്തിന്റെ
ആശയപരമായ ഘടകമല്ല.

ഇത്തരം ഒരവസ്ഥയില്‍ ചില സാഹചര്യങ്ങളിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ
മാത്രം നിര്‍മ്മിതികളായി ചിലരില്‍ സമ്പന്നതയും, മറ്റുചിലരില്‍ ദാരിദ്ര്യവും,
ഉണ്ടായിപ്പോകുന്നു. വിഭവങ്ങളുടെ അവകാശം ധനത്തെ മാത്രം അടിസ്ഥാന
മാക്കി ചിട്ടപ്പെടുത്തിവെച്ച ഈ രാജ്യത്ത്, ധനമില്ലാത്തവന്‍ അവന്റെ
ജീവിതാവശ്യങ്ങള്‍ക്കു വേണ്ടതായ വിഭവങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവ
നാകുന്നു. അത്തരം അവസ്ഥയില്‍ തന്റെ ജീവിതം നിലനിര്‍ത്താനായ
വിഭവങ്ങള്‍ക്കുവേണ്ടി ദരിദ്രന്‍ ധനവാന്റെ അടിമയായി അവന്റെ ഔദാര്യം
തേടിച്ചെല്ലേണ്ടതായ ലജ്ജാകരമായ അവസ്ഥ സംജാതമാകുന്നു.
നമ്മുടെ രാജ്യത്ത് ആഭ്യന്തരമായി ഇന്നും നിലനില്‍ക്കുന്ന അടിമത്വം
ഇത്തരത്തിലുള്ളതാണ്.

അന്യരാജ്യങ്ങളിലെ ആക്രമണകാരികളില്‍ നിന്നും നേരിടുന്നതല്ലാത്ത
ഈ ആഭ്യന്തര അടിമത്വം, അതിദുസ്സഹനീയമായ വിധത്തില്‍ ഇന്ത്യന്‍
പൌരനെ ബാധിച്ചിരിക്കുന്നു. 121 കോടിയോളം വരുന്ന ഇന്ത്യക്കാരെ
ഇവിടെത്തന്നെയുള്ള ആയിരത്തോളം ശതകോടീശ്വരന്മാര്‍ ഇങ്ങനെ
അടിമകളാക്കി വെച്ചിരിക്കുന്നു എന്ന തീര്‍ത്തും നിര്‍ഭാഗ്യകരമായ അവസ്ഥാ
വിശേഷം ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം!

ഇത്തരത്തില്‍ പൌരന്മാരില്‍ വലിയ ഒരു വിഭാഗം സാമ്പത്തികമായി
സ്വതന്ത്രരല്ലാത്ത ഇന്ത്യ ഇന്നൊരു സ്വതന്ത്രരാജ്യമാണ് എന്ന്
അവകാശപ്പെടുന്നതില്‍ അതിശയോക്തിയുടെ അംശങ്ങള്‍ അത്യധികമാണ്.
ഇന്ത്യക്കാരുടെ സ്വാതന്ത്ര്യം വെറുമൊരു ഭാവന മാത്രമാണെന്ന് പറയുന്ന
തില്‍ യാതൊരു തെറ്റുമില്ല. ആചരിച്ചുവരുന്ന ആഗസ്ത് പതിനഞ്ചുകളിലെ
സ്വാതന്ത്ര്യദിന സങ്കല്പ്പത്തെ അനാകഷര്‍ണീയമാക്കുന്ന ഈ വസ്തുത
നാമാരും നിഷേധിക്കുന്നത് നന്നല്ല. ഭാവനകള്‍ ആഘോഷിക്കുന്നവര്‍ക്ക്
മാത്രമേ ആഗസ്ത് പതിനഞ്ച് അതിശയദിനമായി അടയാളമിടാനാവൂ.

ആര്‍ക്കും ആശംസകള്‍ അയക്കാനല്ല, അടിമത്വത്തിനെതിരായ
ആഭ്യന്തര മുന്നേറ്റങ്ങളില്‍ അണിചേരാനുള്ള ആഹ്വാനം മാത്രം
ഈ തീയതിയില്‍ ഞാന്‍ നിങ്ങള്‍ക്ക് കൈമാറുന്നു.



No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.