Tuesday, August 12, 2014

സംരക്ഷിക്കേണ്ട സര്‍ക്കാര്‍ത്തന്നെ ദ്രോഹിക്കുമ്പോള്‍

തീരെ തുച്ചമായ വില മാത്രം നല്‍കിക്കൊണ്ട്, ഒരു പാവപ്പെട്ടവന്റെ 
കുടിപ്പാടം തട്ടിപ്പറിച്ചെടുത്ത്, അവിടെ റോഡ്‌ പണിയുമ്പോള്‍ യാതൊരു 
മനസ്സാക്ഷിക്കുത്തും സര്‍ക്കാരിന് അനുഭവപ്പെടുന്നതായി എനിക്ക് തോന്നിയിട്ടില്ല.
കഷ്ടപ്പെട്ടു സമ്പാദിച്ച ഭൂസ്വത്ത് അവ്വിധത്തില്‍ നഷ്ടപ്പെട്ടതിനാല്‍ വഴിയാധാരമായിപ്പോയ 
കുടുംബങ്ങള്‍ അനവധിയുണ്ട്. ആത്മഹത്യക്കും ഇതൊരു കാരണമാവാറുണ്ട്.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ , ഭരണകൂട ഭീകരതയുടെ ലോലമായതും എന്നാല്‍
ഏറ്റവും സാധാരണമായതുമായ ഒരു മുഖമാണ് ഇതെന്ന് തുറന്നുപറയാനോ,
അതിനെതിരെ വ്യാപകമായ പ്രതിരോധം സൃഷ്ടിക്കാനോ, നമ്മുടെ സാംസ്കാരിക
നായകരോ, രാഷ്ട്രീയ നേതൃത്വമോ, ഇന്നുവരെ വേണ്ടത്ര ജാഗ്രത എടുത്തിട്ടില്ല.
(ഒറ്റപ്പെട്ട വിഷയങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു ചില സമരങ്ങള്‍ ഉണ്ടായത്
കണ്ടിട്ടില്ല എന്ന് ധരിക്കരുത്. വിഷയത്തെ സമഗ്രതയില്‍ നേരിടുന്നില്ല
എന്നതാണ് എന്റെ പരാതി.)

പൊതു ആവശ്യങ്ങള്‍ക്കായി സ്വകാര്യസ്ഥലം ഏറ്റെടുക്കുന്നതില്‍ ഇവിടെ
ആര്‍ക്കും പരാതിയില്ല. എന്നാല്‍ അതിനു ന്യായമായ വില നല്‍കാത്തതാണ്
അനീതിയായി എടുത്തുകാട്ടേണ്ടത്. ജീവിതസാഹചര്യങ്ങളില്‍ വ്യത്യാസം
വരുമ്പോള്‍ വ്യക്തികള്‍ക്ക് ഉണ്ടാവുന്ന കഷ്ടപ്പാടുകള്‍ ഇല്ലായ്മ ചെയ്യാന്‍
വേണ്ടതായ സഹായധനവും, സ്ഥലം ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയേ
മതിയാകൂ. എന്നാല്‍ ഇതൊന്നും ഇതുവരെയും ഒരു സര്‍ക്കാരും ചെയ്തു കണ്ടിട്ടില്ല.

ഇതൊന്നും ചെയാതെ അതിനു പകരം, നിയമയുദ്ധത്തിനു പോകുന്ന
നിര്‍ധന കുടുംബങ്ങളെ, ശത്രുരാജ്യത്തെ പൌരന്മാരെപ്പോലെ നോക്കിക്കണ്ട്‌
അവരെ ഒറ്റപ്പെടുത്താന്‍ സര്‍ക്കാരിന്റെ സകല സംവിധാനങ്ങളും കാര്യക്ഷമമായി
ഉപയോഗിക്കുന്നതും നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു.

എന്നാല്‍ ആരാധനാലയങ്ങളുടെ കാര്യം വരുമ്പോഴോ?
ധനികരുടെ വ്യവസായ സ്ഥാപനങ്ങളോ, ബാറുകളോ, ഇടയ്ക്ക് വരുമ്പോഴോ?

എങ്കില്‍ വികസനം മുടങ്ങിയാലും വേണ്ടില്ല; പദ്ധതി ഉപേക്ഷിക്കാനോ, അതോ
അത് വഴിതിരിച്ചുവിടാനോ, അതുമല്ലെങ്കില്‍ വൈകിപ്പിക്കാനോ, സര്‍ക്കാരിന്
സങ്കോചമേതുമില്ല. നമ്മുടെ നാടിന്റെ വികസനം മുരടിപ്പിക്കുന്നതില്‍ 

ആരാധനാലയങ്ങള്‍ക്കുള്ള പങ്ക് ചെറുതായി കാണരുത്. നമ്മുടെ ദേശീയപാതാ
പദ്ധതികളെ പ്രതിരോധത്തിലാക്കാന്‍ എന്നെന്നും ആരാധനാലയങ്ങള്‍ 

ഉപകരണങ്ങള്‍ ആയിത്തീരാറുണ്ട്. വികസനത്തിന് ആരാധാനാലയങ്ങള്‍ 
സ്ഥിരമായി തടസ്സമാവുന്നു. ഇപ്പോഴും അതൊരു തടസ്സം തന്നെ. 
ഞാന്‍ ഒരു വാര്‍ത്ത ഇതോടൊപ്പം ഷെയര്‍ ചെയ്യുന്നു.
http://www.mangalam.com/print-edition/india/198960

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.