Tuesday, August 12, 2014

കൂടുതല്‍ കീടനാശിനി സസ്യേതര ഭക്ഷണങ്ങളില്‍


സസ്യഭക്ഷണം രോഗങ്ങളെ അകറ്റിനിര്‍ത്തും. 
പാപബോധം കൂടാതെ ഭക്ഷിക്കണമെങ്കില്‍ സസ്യാഹാരം തന്നെ 
വേണംതാനും. എന്നാല്‍ സസ്യാഹാരത്തിലൂടെ കീടനാശിനികള്‍ 
അകത്തുചെല്ലുമെന്നു പേടിച്ചു കഴിക്കാതിരുന്നാലോ?

സസ്യാഹാരത്തേക്കാള്‍ കൂടിയ തോതില്‍ കീടനാശിനികളും, അതിലും 
മാരകമായ കുമിള്‍നാശിനികളും, ഇന്നു സസ്യേതര ഭക്ഷ്യോല്‍പ്പന്നങ്ങളില്‍
പ്രയോഗിച്ചുകാണുന്നു. കടല്‍മത്സ്യങ്ങളിലാണ് മിക്കപ്പോഴും ഏറ്റവും കൂടിയ
അളവില്‍ , സംരക്ഷകവസ്തുക്കളായി ഇവ കലര്‍ത്തേണ്ടിവരുന്നത്.

രാവിലെ മീന്‍ പിടിക്കാന്‍ പോവുന്ന ജലവാഹനങ്ങള്‍ രാവെത്തുന്നതോടെ
തിരിച്ചുവരുന്നില്ല എന്ന് ഇന്ന് നമുക്കറിയാമല്ലോ? ഒന്നോ, രണ്ടോ,
അതിലധികമോ, ആഴ്ചകളും, ചിലപ്പോള്‍ മാസങ്ങള്‍ തന്നെയും,
കടലില്‍ കഴിഞ്ഞതിനു ശേഷമാണ് ഈ വാഹനങ്ങള്‍ മത്സ്യവുമായി
കരക്കണയുന്നത്.

അവര്‍ ശേഖരിച്ച മത്സ്യം, അത്രയും നാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍
ഐസ് കട്ടകള്‍ കൊണ്ടോ, ഫ്രീസര്‍ കൊണ്ടോ, കഴിയുന്ന കാര്യം പ്രയാസമാണ്.
എന്നുമാത്രവുമല്ല, അത്രയും നാള്‍ സൂക്ഷിക്കാനായി ഐസ് ഉണ്ടാക്കിയാല്‍ ,
ഇന്ധനച്ചിലവു വകയില്‍ തന്നെ ഒരു വലിയ തുക ചിലവുവരും.
എങ്കില്‍ കിലോവിനു നൂറു രൂപയിലധികം ആ ഇനത്തില്‍ മാത്രം
വിലയിടേണ്ടിവരും. പിടിക്കാനുള്ള കൂലി, ബോട്ട് വാടക എന്നീ
ചിലവുകള്‍ കൂടി കൂട്ടിയാല്‍ മീനിനു പവന്‍ കണക്കിന് വിലയിടേണ്ടിവരും.

എന്നാല്‍ ശക്തമായ കീടനാശിനി പ്രയോഗം നടത്തിയാല്‍ ഐസ് ഇടാതെ
പോലും മത്സ്യം കേടുകൂടാതെ ഇരിക്കും.
(അപ്പോഴും അല്പം ഐസ് വേണ്ടിവരാറുണ്ട്. തീര്‍ത്തും ഒഴിവാക്കാനാവില്ല.)
അങ്ങനെ വന്നെത്തുന്ന കടല്‍മത്സ്യങ്ങളാണ് സസ്യഭക്ഷണത്തിനു
പകരമായി നാം കണ്ടെത്തുന്നതെങ്കില്‍ അത് കൂടുതല്‍ അപകടം തന്നെ.

മാംസത്തിലും കീടനാശിനികള്‍ ഉണ്ട്. സംരക്ഷിക്കാന്‍ വേണ്ടി ചേര്‍ത്തുന്ന
കീടനാശിനികള്‍ക്ക് പുറമേ, അല്ലാതെ മൃഗങ്ങളുടെ ശരീരത്തിലെത്തുന്ന
കീടനാശിനികളും, മാംസോല്പ്പന്നങ്ങളിലൂടെ നമ്മുടെ വയറ്റിലെത്തുന്നു.

കീടനാശിനിപ്രയോഗമുള്ള കൃഷിഭൂമികളില്‍ മേയാതെയോ, കീടനാശിനികള്‍
ഉപയോഗിച്ചു വിളവെടുത്ത ധാന്യങ്ങള്‍ തീറ്റയായി എടുക്കാതെയോ,
ഇക്കാലത്ത് ഒരു മൃഗത്തിനും വളരാനാവില്ല. ഇതിനുപുറമേ ഹോര്‍മോണുകള്‍
കൂടി, കൂടുതലായി അവയുടെ ശരീരത്തില്‍ എത്തുന്നുണ്ട്.

ഏതായാലും കീടനാശിനിയെ പേടിച്ചു സസ്യഭക്ഷണം ഒഴിവാക്കുന്നതില്‍
കഴമ്പൊന്നുമില്ല. കുറെയോക്കെയെങ്കിലും, കഴുകിയാല്‍ പോകുന്നതാണ്
സസ്യങ്ങളിലെ കീടനാശിനികള്‍ . എന്നാല്‍ , മാംസത്തിലെ വിഷം,
അവ്വിധത്തില്‍ പോലും നീക്കം ചെയ്യാന്‍ കഴിയാത്തതാണ്.

നമ്മുടെ കുടലുകള്‍ കുഴിമാടങ്ങള്‍ ആവാതിരിക്കാനും, നമ്മുടെ ഭക്ഷണം
പാപത്തിന്റെ പ്രതിഫലമാവാതിരിക്കാനും, സസ്യഭക്ഷണം ശീലമാക്കാം.


No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.