Tuesday, August 05, 2014

എന്റെ കൂടാരത്തിലെ തീയ്

ഈ ലോകം വിശാലമാണ്. 
എന്നാല്‍ത്തന്നെയും, ഒന്നുപോലെ രണ്ടെണ്ണത്തിനെ ഒരുമിച്ചു കാണാന്‍ 
കിട്ടാത്ത ഇടുങ്ങിയ ഇടവുമാണ്. നിങ്ങളുടെ തത്വശാസ്ത്രങ്ങള്‍ 
എന്റേതില്‍ നിന്നും ഏറെ വ്യത്യസ്തങ്ങളാവാം. നിങ്ങളുടെ നിലപാടുകള്‍
എനിക്ക് നേര്‍വിപരീതങ്ങളുമാവാം. നിങ്ങള്‍ എന്നെ പരിഹസിക്കുന്നവരും,
എന്നെ വെറുക്കുന്നവരും, ഒരുപക്ഷെ എന്റെ ചോരക്ക് കാത്തിരിക്കുന്നവര്‍
പോലുമായിരുന്നേക്കാം.

നിങ്ങള്‍ ജൂതപക്ഷക്കാരോ, മുസ്ലീം പക്ഷക്കാരോ, ആയിരിക്കുമ്പോള്‍ ഇവരെ
ഇരുവരെയും ന്യായീകരിക്കാത്ത നിഷ്പക്ഷനായ മതനിഷേധിയായ് നിങ്ങളെ
അയവില്ലാതെ എതിര്‍ക്കുന്നവനുമായേക്കാം ഞാന്‍.

എന്നാല്‍ നിങ്ങളെ സ്നേഹിക്കാതിരിക്കാന്‍ ഇതൊന്നും എനിക്ക് കാരണങ്ങളാവു
ന്നില്ല. നിങ്ങളുടെ സന്തോഷങ്ങളില്‍ നിഴലായി ഞാനെന്നും കൂടെയുണ്ട്.
നിങ്ങളുടെ ഓരോരോ പ്രശ്നങ്ങളിലും പരിഹാരത്തിന്റെ ഭാഗമായ് ഞാനുണ്ട്.

വേദനകളുടെ കനലറകളിലേക്ക് നിങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുമ്പോഴും,
പ്രാരാബ്ധങ്ങളുടെ ക്രൂരമായ തടവറകളില്‍ നിങ്ങള്‍ തളച്ചിടപ്പെടുമ്പോഴും,
ഒറ്റപ്പെടുത്തലിന്റെ ആഴമാര്‍ന്ന ആഴികളിലേക്ക് നിങ്ങളെ ലോകം തള്ളിവിടുമ്പോഴും, അവിടെ നിങ്ങള്‍ തനിച്ചാണെന്നു നിങ്ങള്‍ കരുതേണ്ടതില്ല.
അവിടെയൊക്കെ അരികെ ഞാനുമുണ്ടാവും. ആശ്വാസപ്പെടുത്തുന്ന
ഒരു വാക്കെങ്കിലും എന്നില്‍ നിന്നും ഉണ്ടാവും. ഒരുപക്ഷെ അപ്പോള്‍
അത്രമാത്രമേ എനിക്ക് ചെയ്യാന്‍ കഴിഞ്ഞേക്കൂ. പക്ഷെ അതെങ്കിലും
എന്നില്‍ നിന്നും നിങ്ങളിലാര്‍ക്കും തീര്‍ച്ചയായും പ്രതീക്ഷിക്കാം.
ഞാന്‍ ഒരിക്കലും നിങ്ങളെ ദ്രോഹിക്കില്ല.

എനിക്കുമുണ്ട് ദാരിദ്ര്യവും, രോഗങ്ങളും, ഭീഷണികളും.
അതുപോലെ എന്നെ നിരന്തരം വേട്ടയാടുന്ന പിന്നെയും നൂറുനൂറു പ്രശ്നങ്ങളും.
ഞാനവയെയെല്ലാം ഏറെക്കുറെ ഏകനായ് നേരിട്ടുകൊണ്ടിരിക്കുകയാണ്.
എന്റെ കയ്യെത്തുന്ന ദൂരത്തൊന്നും ഒരു സഹായിയെ കണ്ടുകിട്ടാറില്ല.
നീന്തിനീന്തി കൈകുഴഞ്ഞു ഞാന്‍ താണുപോകുമെന്ന് തോന്നുമ്പോള്‍ പോലും
തോണിക്കാരുടെ അലിവ് എന്നെ തേടിയെത്താറില്ല. പക്ഷെ എനിക്കറിയാം;
കനത്ത പരീക്ഷണങ്ങളുടേതാണ് ഈ ലോകമെന്ന്. തളര്‍ന്നാല്‍ താണുപോകുന്ന
ആഴംതീരാക്കയങ്ങളാണ് ഈ ദുര്‍ബ്ബലമായ ഉടലിനു താഴെയെന്ന്.

ഇവിടെ മരണം വേണ്ടാത്തവന് വിജയം അനിവാര്യമാണ്. പിടിച്ചുനില്‍ക്കാന്‍
വേണ്ടിയത് പോരാട്ടം മാത്രം. അതുകൊണ്ട് ഈ പ്രായത്തിലും, ഈ തളര്‍ച്ചയിലും,
ഞാന്‍ ആവുന്ന വീറോടെ എന്നോടു ശാന്തനായി ചോദിക്കുന്നു;
ഇനിയും എവിടെയാണ് എന്റെ പോരിടങ്ങള്‍ എന്ന്.
അങ്ങനെ ചോദിക്കുന്നത്, എനിക്ക് അവിടേക്ക് പോകാനാണ്.

ഇത് എനിക്കു മാത്രം വേണ്ടിയുള്ള ജീവിതമല്ല. എനിക്ക് തനിച്ചു മാത്രമായ
മോക്ഷം എന്റെ മോഹമല്ല. ആഹ്ളാദങ്ങളല്ല എന്റെ ലക്‌ഷ്യം.
അല്പം ആശ്വാസം മാത്രമേ നമ്മള്‍ ഇവിടെ കൊതിക്കേണ്ടതുള്ളൂ.
എന്നാല്‍ അപ്പോഴൊക്കെ അതില്‍ നിങ്ങള്‍ക്കുള്ള ഒരു പങ്ക് നീക്കിവെക്കാന്‍
വേണ്ടതായ കരുതല്‍ എനിക്കുണ്ട്.

എനിക്ക് എന്നെ നല്ല വിശ്വാസമുണ്ട്‌. എന്നെന്നും സേനകളുടെ അധിപനായ്
ജീവിക്കാന്‍ എനിക്ക് കഴിയും. അതെങ്ങിനെയെന്നാല്‍; മനസ്സിലും വാക്കിലും,
നിഷ്കളങ്കത കാത്തുപോരാനുള്ള നിരന്തര ജാഗ്രത എന്നില്‍ നശിക്കാതെ
ഞാന്‍ എന്നെന്നും കാത്തുപോരുന്നു എന്നതിനാല്‍.

എന്റെ കൂടാരത്തില്‍ തീയുണ്ട്‌.
ആ തീയിനു നിങ്ങളെയെല്ലാം വിഴുങ്ങാനുള്ള വിശപ്പുണ്ട്.


No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.