Tuesday, August 12, 2014

വിഷക്കാറ്റിന്റെ അതേ ഗന്ധം ഇപ്പോള്‍ ഞാന്‍ വീണ്ടും തിരിച്ചറിയുകയാണ്.


എല്ലാമെല്ലാം എക്കാലത്തും ഇങ്ങനെയൊക്കെ വലിയ അല്ലലില്ലാതെ 
കഴിഞ്ഞുപൊയ്ക്കൊള്ളും! ഇങ്ങനെ സമാധാനപ്പെടാന്‍ ആര്‍ക്കും അത്ര
വലിയ ചിന്താശക്തിയൊന്നും വേണ്ടതില്ല.

എന്നാല്‍ അങ്ങനെത്തന്നെ കാര്യങ്ങള്‍ നടന്നുപോകുമോ എന്നതാണ്
ചിന്താശക്തിയുള്ളവര്‍ വിലയിരുത്തേണ്ടത്. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു
മുമ്പില്‍ ഇന്നിതാ, വരാനിരിക്കുന്ന കാലത്തിന്റെ വിപത്തുകളുടെ വലിയ
സൂചനകള്‍ വന്നെത്തിക്കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ നിയമസംഹിത ഒരുപാടു തലങ്ങളില്‍
വിശേഷാല്‍ കരുതലുകള്‍ ഒരുക്കിവെച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ആ
വിശേഷാധികാരങ്ങളെ വിവേചനപൂര്‍വ്വം വിനിയോഗിക്കുകയല്ല ഉണ്ടായത്.
തങ്ങളുടെ മതം വളര്‍ത്തി വലുതാക്കാനും, സ്വന്തം സമുദായങ്ങളിലെ
ഒരുപിടി പ്രമാണിമാര്‍ക്ക് കയ്യും കണക്കുമില്ലാത്ത പണവും, രാഷ്ട്രീയ
സ്വാധീനങ്ങളും, ഉണ്ടാക്കിക്കൂട്ടാനും, വേണ്ടി ഈ ന്യൂനപക്ഷ പദവിയെ
അവര്‍ സമയാസമയം കരുവാക്കുകയാണ് ചെയ്തുപോന്നത്.

ലക്കും ലഗാനുമില്ലാത്ത മതപരിവര്‍ത്തനങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്കു
മുകളില്‍ ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിന് അതൃപ്തി പെരുകാന്‍
ഇടയാക്കിയ ഒരു പ്രധാന കാരണം.

സ്വസമുദായങ്ങളിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി, ഇന്ത്യയുടെ
പൊതുനയമായ കുടുംബാസൂത്രണത്തെ അവര്‍ പൊതുവേ പുച്ഛിച്ചുതള്ളുകയാണ്
ചെയ്തത്. എന്നുമാത്രവുമല്ല വളരെ അപഹാസ്യമാംവിധത്തില്‍ പോലും
പരസ്യമായ ആഹ്വാനങ്ങളിലൂടെ സന്താനോത്പാദനം ഊര്‍ജിതമാക്കാന്‍ വേണ്ടി
അവര്‍ സ്വസമുദായാംഗങ്ങളെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുകയുണ്ടായി.
മതം തിരിച്ചുള്ള പ്രസവാവാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ പോലും ഇവിടത്തെ
ന്യൂനപക്ഷ മതം തയ്യാറായി എന്നുകേട്ടാല്‍ ഇനി മൂക്കത്തു വിരല്‍ വെച്ചിട്ടു
കാര്യമൊന്നുമില്ല. വൃത്തികെട്ട അത്തരം നാടകങ്ങളും അരങ്ങേറിയ നാടാണിത്!

അച്ചടക്കത്തോടെയുള്ള മതപ്രചരണമായിരുന്നില്ല മിക്കപ്പോഴും അവര്‍
നടത്തിപ്പോന്നിരുന്നത്. നിയമം പരസ്യമായി ലംഘിച്ചുകൊണ്ട്, ഉച്ചഭാഷികള്‍
ഉപയോഗിച്ച്, മതഘോഷണങ്ങള്‍ നടത്തി പൊതുജനങ്ങള്‍ക്ക് പരമാവധി
ബുദ്ധിമുട്ടുണ്ടാക്കുന്ന രീതി ഇന്നും അവര്‍ നിര്‍ബ്ബാധം തുടരുന്നു.

ഇതെല്ലാം അവജ്ഞ ക്ഷണിച്ചുവരുത്തുന്ന പെരുമാറ്റങ്ങളായിരുന്നു.
ഇതിനെല്ലാം പുറമേ, മതം മനസ്സില്‍ വെച്ചുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍
ഉണ്ടാക്കുക കൂടി ചെയ്തുപോയി. എത്ര ഭീമമായ അബദ്ധം!
ഇതെല്ലാം വലിയ തിരിച്ചടികള്‍ക്കും കാരണമായി.

ന്യൂനപക്ഷങ്ങളുടെ ഈ പ്രവര്‍ത്തിക്ക് ഭൂരിപക്ഷങ്ങളുടെ മതത്തില്‍
വിശ്വസിക്കുന്നവര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ , ഭൂരിപക്ഷത്തിന്റെ
വര്‍ഗ്ഗീയം, രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമായി മാറി. ആ അവസ്ഥ ഇപ്പോള്‍
വന്നുകഴിഞ്ഞപ്പോഴാകട്ടെ, അതിന്റെ ഏറ്റവും വലിയ ഭവിഷ്യത്തുകള്‍
അനുഭവിക്കേണ്ടി വരുമെന്നു ഭയപ്പെടുന്നവരും ഇതേ ന്യൂനപക്ഷങ്ങള്‍ തന്നെ!

എന്നാല്‍ ഇതിനകമേ സജാതമായിക്കഴിഞ്ഞ ഇന്ത്യയിലെ ഈ രാഷ്ട്രീയസ്ഥിതി
അത്യധികം അപകടകരമാണെന്നു പറയാതെ വയ്യ. മതങ്ങള്‍ എല്ലാ രംഗത്തും
നാശം വിതക്കാന്‍ പോന്നവ തന്നെ. എന്നാല്‍ മതം രാഷ്ട്രീയത്തില്‍
കൂട്ടിക്കലര്‍ത്തുമ്പോഴാണ് അതേറ്റവും ആപത്ക്കരമാവുന്നത്.

മതങ്ങള്‍ തമ്മിലുള്ള മത്സരം ഇതേപടി തുടര്‍ന്നുപോവുകയാണെങ്കില്‍
ഇന്ത്യയിലെ മൊത്തം തെരുവുകളില്‍ കലാപങ്ങള്‍ ആളിപ്പടരാന്‍ ഇനി അധികം
കാലമൊന്നും വേണ്ടിവന്നേക്കില്ല. ഇതിനകം നാം എത്തിപ്പെട്ടു കഴിഞ്ഞതായ,
അപകടത്തിന്റെ ഈ ഒന്നാം കളത്തില്‍ നിന്നും, കാര്യങ്ങളെ എങ്ങനെ
പിറകിലോട്ടു കൊണ്ടുപോകും എന്നെനിക്ക് അറിയാന്‍ വയ്യ.
നാം വലിയൊരു കുഴപ്പത്തില്‍ ചെന്നുചാടിക്കഴിഞ്ഞിരിക്കുന്നു.

മതങ്ങളുടെ പേരില്‍ ഒരിക്കല്‍ വെട്ടിമുറിക്കപ്പെട്ടതാണ് ഈ രാജ്യം.
ആപത്തിന്റെ ആ നാളുകളിലെ വിഷക്കാറ്റിന്റെ അതേ ഗന്ധം
ഇപ്പോള്‍ ഞാന്‍ വീണ്ടും തിരിച്ചറിയുകയാണ്.

ഈ കുറിപ്പ് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ളതല്ല.
ഇത് നിക്ഷ്പക്ഷനായ ഒരു മതരഹിതന്റെ തനതായ നിരീക്ഷണം മാത്രമാണ്.
ഇനിയും കാര്യങ്ങള്‍ മനസ്സിലാത്തവര്‍ ഈ നിരീക്ഷണത്തെ കേവലം
സംഘപരിവാര്‍ അജണ്ടയായി തെറ്റിദ്ധരിപ്പിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയും
ചെയ്തേക്കും. താഴെയുള്ള കമാണ്ടുകളില്‍ അതിന്റെ ലക്ഷണങ്ങള്‍
കണ്ടേക്കുമെന്നും ഞാന്‍ കരുതുന്നു.



No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.