Wednesday, August 06, 2014

ഗാന്ധിജിക്കു നല്‍കിയത്‌ അര്‍ഹിക്കാത്ത ആദരവ്‌: അരുന്ധതി റോയ്‌



ഗാന്ധിജിയുടെയും, അയ്യങ്കാളിയുടെയും, ജീവിതത്തെ താരതമ്യം ചെയ്ത 
അരുന്ധതി റോയ്‌ എടുത്തു പറയുന്ന കാര്യങ്ങളെ നിഷേധിക്കാനാവില്ല.

എന്നാല്‍ ഗാന്ധിജിക്ക് രാജ്യം നല്‍കിയ ആദരവുകളെ പറ്റി എനിക്ക്
പരാതിയില്ല. എന്തെന്നാല്‍ അതിനു തക്കതായ ത്യാഗം ആ മഹാന്‍
രാജ്യപുരോഗതിക്കായി സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ രാജ്യം ഗാന്ധിജിയെ
വേണ്ട വിധത്തില്‍ മനസ്സിലാക്കിയിട്ടില്ല. ഏതാനും പേര്‍ യാന്ത്രികമായി
അദ്ദേഹത്തെ ഇന്നും ആദരിക്കുന്നത് അദ്ദേഹത്തിന്റെ അപൂര്‍ണ്ണമായ
ആശയ സംഹിതയെ പറ്റി ശരിയായ അറിവ് അവര്‍ക്കുള്ളില്‍
ചെന്നെത്താതിനാല്‍ മാത്രമാണ്.

സത്യത്തില്‍ ഒരു രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ട
രാഷ്ട്രതന്ത്രജ്ഞതയോ, സമ്പൂര്‍ണ്ണവും, സുരക്ഷിതവുമായ ആശയസംഹിതയോ,
ഗാന്ധിജിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. സ്വന്തം മകനെ നേര്‍വഴിക്കു
കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിപോലും കൈവശം ഇല്ലായിരുന്ന
നിസ്സഹായനായ പൌരനായിരുന്നു ഗാന്ധിജി. മകനെപ്പറ്റി പിന്നീട്
അതിയായി ദുഖിക്കേണ്ടി വന്ന ഒരു അച്ഛന്‍ കൂടിയാണ് ഗാന്ധി.

എന്നാല്‍ ഇതൊന്നും ഒരു കുറ്റപ്പെടുത്തലിന്റെ ഭാഗമായ ഓര്‍മ്മിപ്പിക്കലായി
നിങ്ങള്‍ക്കു മുമ്പില്‍ നിരത്താന്‍ ഞാന്‍ ഉദ്ദേശിച്ചതല്ല. തിരക്ക് പിടിച്ച ആ
ജീവിതത്തിനിടയില്‍ പല നല്ല കാര്യങ്ങള്‍ക്കും സമയം മാറ്റിവെച്ചതിനാല്‍
അദേഹത്തിന് നേരം കണ്ടെത്താനാകാതെ ഉപേക്ഷിക്കേണ്ടി വന്ന
മറ്റു പലപല കാര്യങ്ങള്‍ ഉണ്ടായിരുന്നു.

കുറേക്കൂടി സമയം ചിലവിടാന്‍ ആ മഹാത്മാവിനു സാധിച്ചിരുന്നെങ്കില്‍
നല്ലൊരു തത്വശാസ്ത്രം നിര്‍മ്മിക്കാന്‍ അദേഹത്തിന് കഴിയുമായിരുന്നു.

സൈദ്ധാന്തികമായി കമ്മ്യൂണിസത്തെ എതിര്‍ത്തിരുന്നെങ്കിലും,
ആ എതിര്‍പ്പിനു പ്രധാന കാരണമായത്‌ സോഷ്യലിസത്തോടുള്ള അന്ധമായ
വെറുപ്പായിരുന്നില്ല. പകരം അതിലേക്ക് ചെന്നെത്താനുള്ള അഹിംസാത്മക
മല്ലാത്ത മാര്‍ഗ്ഗമായിരുന്നു. എന്നാല്‍ ചില ഘട്ടങ്ങളില്‍ അഹിംസ
വേണ്ടി വരുമെന്ന് സ്വയം സമ്മതിക്കേണ്ട ഗതികേടും ഗാന്ധിജിയുടെ
സംഭാഷണങ്ങളില്‍ ഉണ്ടായിരുന്നു.

ഭാരതത്തിന്റെ ഏറ്റവും വലിയ ശാപമായി തുടരുന്ന അതേ ജാതിവ്യവസ്ഥിതിയെ
തന്നെയാണ് തന്റെ ലോക പരിപാലന ആശയങ്ങളുടെ ഭാഗമായി
അവതരിപ്പിക്കാന്‍ മഹാത്മാ ഗാന്ധിക്ക് കഴിഞ്ഞിരുന്നുള്ളൂ. അങ്ങനെയങ്ങനെ
ഗാന്ധിയന്‍ മാര്‍ഗ്ഗത്തിനു നിരവധി പോരായ്മകള്‍ ഉണ്ടായിരുന്നു എന്നു മാത്രം
നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇന്ത്യ ഉപേക്ഷിക്കേണ്ടി വരുമെന്നുള്ള ഘട്ടം വന്നുചേര്‍ന്നപ്പോള്‍
നിരവധി നല്ല നേതാക്കളെ തഴയാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗപ്പെടുത്തിയ
ഒരു ആയുധം കൂടി ആയിരുന്നു ഗാന്ധിജി.
അദ്ദേഹത്തിന്റെ നിസ്സഹകരണ സമരവും, സത്യാഗ്രഹവും, മാത്രമായിരുന്നു
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഏക ഇന്ധനം എന്ന് വിശ്വസിക്കാന്‍
വിഡ്ഢികള്‍ക്ക് മാത്രമേ കഴിയൂ.

ഗാന്ധിജിയെ അറിഞ്ഞ് ആദരിക്കുന്ന ഇന്ത്യക്കാര്‍ ഇന്ന് തീരെ കുറവാണ്.
അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ തന്റെ മക്കളെ സ്കൂളില്‍
വിടുമായിരുന്നില്ല. ഇന്ന് നടത്തിപ്പോരുന്ന തരം വിദ്യാലയങ്ങളെ അങ്ങേയറ്റം
വെറുത്തിരുന്ന വ്യക്തിയായിരുന്നു ഗാന്ധിജി. അദ്ദേഹം തന്റെ ജീവിതത്തില്‍
ഏറ്റവും അധികം വെറുത്തിരുന്നത് ഇന്നീ കാണുന്ന തരം വിദ്യാലയങ്ങളെ
ആയിരുന്നതിനാല്‍ , വിദ്യാഭ്യാസത്തിനു മാതൃകയായി
അദ്ദേഹം സ്വന്തമായി ഒരു സ്ഥാപനം നിര്‍മ്മിക്കുക പോലും ചെയ്തിരുന്നു.

ഗാന്ധിജിയെ സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ ആദ്യം അദ്ദേഹത്തെ
അറിയാന്‍ കഴിയണമായിരുന്നു. അധികം ഇന്ത്യക്കാരൊന്നും ആ അറിവ്
ഉള്ളവരല്ല. ഗാന്ധിജിക്കു നല്‍കിയത്‌ അര്‍ഹിക്കാത്ത ആദരവാണെന്ന
അരുന്ധതി റോയിയുടെ അവലോകനത്തെ എനിക്ക് എതിര്‍ക്കാന്‍ കഴിയില്ല.

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.