Tuesday, August 12, 2014

കെണിയുടെ നിര്‍മ്മാണ രഹസ്യം പഠിച്ചവന്‍ അതില്‍ കിടക്കില്ല.


ബാല്യത്തില്‍ ഞാനും ഒരു മതവിശ്വാസി ആയിരുന്നു. 
എന്നാല്‍ മതമെന്ന ആ കെണി എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് 
അതിനകത്തുവെച്ചേ ഞാന്‍ മനസ്സിലാക്കിയെടുത്തു. 
അതിനാല്‍ മാത്രം അതില്‍ നിന്നും പുറത്തുകടക്കാനുള്ള ഉപായവും 
പിന്നീടൊരിക്കല്‍ എനിക്ക് എളുപ്പം പിടികിട്ടി. 

മതങ്ങളെ പറ്റി എന്നെപ്പോലെ പഠിക്കാന്‍ കഴിയാഞ്ഞതിലാണ്,
എന്നെപ്പോലെ അതില്‍ വന്നുപെട്ട മറ്റൊരുപാടു പേര്‍ ഇന്നും 
അതിനകത്തുതന്നെ കുടുങ്ങിക്കിടക്കുന്നത്.

എന്നിട്ടോ? കെണിയില്‍ നിന്നും ഇനിയും പുറത്തുകടക്കാനാകാതെ 
ഇപ്പോഴും അതിനകത്ത് കിടക്കുന്ന എലികള്‍ പറയുന്നത് 
അവരാണ് എന്നെക്കാള്‍ അധികം മതങ്ങളെ പറ്റി പഠിച്ചവരെന്നും!
അതെങ്ങനെ ശരിയാകും?

ഇന്ന് ഞാനൊരു ദൈവവിശ്വാസിയോ, ഏതെങ്കിലും മതത്തിന്റെ 
ലേബല്‍ ഒട്ടിച്ച ഗിനിപ്പിഗ്ഗോ അല്ല. മതത്തിന് പുറത്തെ സ്വതന്ത്രവായുവും, 
ഈ വിശാലലോകത്തിലെ കാഴ്ചകളും, എന്റെ ഒരുപാടു പരിമിതികളെ 
എന്നില്‍ നിന്നും അഴിച്ചുമാറ്റി തന്നു. അതുകൊണ്ട് ലോകത്തെ കുറേക്കൂടി 
വ്യക്തമായി കാണാന്‍ ഇന്നെനിക്ക് സാധിക്കുന്നു.

മതം മനുഷ്യനെ ശുദ്ധീകരിക്കാന്‍ പ്രാപ്തമല്ല എന്ന്‍ ഇന്നെനിക്ക് നന്നായി അറിയാം.
"മതം എന്നെ ശുദ്ധീകരിച്ചിരുന്നെങ്കില്‍ " എന്നത് വെറും വ്യാമോഹം മാത്രമാണ്. 
മതം നമ്മളെ ഒരു ചെറിയ വൃത്തത്തിലേക്ക് ചുരുക്കുന്നു. 

അന്ധമായ വിശ്വാസമാണ് എല്ലാ മതങ്ങളും നമ്മോടു ആവശ്യപ്പെടുന്നത്. "വിശ്വസിക്കുക!" എന്നതിന് പകരം 
"വിശകലനം ചെയ്യുക, അതുവരെ വിശ്വസിക്കരുത്" എന്ന് ഒരു മതവും പറയുന്നില്ല. 
മതങ്ങളില്‍ വിശ്വാസിക്കാണ് അംഗീകാരവും, പ്രശംസയും. 

ചോദ്യങ്ങള്‍ പാടില്ലാത്ത ലോകം? 
അതെ. ചോദ്യങ്ങള്‍ കൂടാതെ വിശ്വസിക്കാന്‍ കല്‍പ്പിക്കുന്ന മതം നമ്മെ 
തീരെ ചെറിയ വൃത്തത്തിലേക്ക് ചുരുക്കുന്നു. 
എന്നാല്‍ ചോദ്യങ്ങള്‍ അനുവദിക്കുന്ന തുറന്ന ലോകത്ത് നമ്മുടെ അന്വേഷണ 
സാദ്ധ്യതകള്‍ ആയിരം ഇരട്ടിയായി വര്‍ദ്ധിക്കുന്നു. 
ഉത്തരങ്ങളിലേക്ക് എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 
അവിടെ ഒരായിരം വഴികളും ഉണ്ട്.

നമ്മെ അങ്ങനെ ഒരു ചെറിയ വൃത്തത്തില്‍ മാത്രം ചുരുക്കിനിര്‍ത്താന്‍ 
പ്രേരിപ്പിക്കുന്നതും, നിര്‍ബ്ബന്ധിക്കുന്നതുമായ സാഹിത്യമാണ് മതസാഹിത്യം.
അതിനാല്‍ ആ മതസാഹിത്യത്തിനുള്ളില്‍ പെടുത്താവുന്ന ഖുറാന്‍, ബൈബിള്‍ , 
ഗീത, എന്നിവയൊനും ഉത്കൃഷ്ട ഗ്രന്ഥങ്ങള്‍ ആണെന്ന് പറയാനാവില്ല.
അവകൊണ്ട് നമ്മിലെ മനുഷ്യത്വം വളരുമെന്നും പറയാനാവില്ല.

ഇത്തരം ഗ്രന്ഥങ്ങള്‍ ആയിരം തവണ പാരായണം ചെയ്യുന്നവന്‍ പോലും 
കൊടും കുറ്റവാളിയായി അഴികള്‍ക്ക് ഉള്ളിലായിപ്പോവുന്നത് നമുക്ക് കാണാം.
എന്നാല്‍ അവ ഒരിക്കലും വായിക്കാത്ത ചിലരെങ്കിലും സമൂഹത്തില്‍ 
മാന്യമായി ജീവിക്കുന്നതും കാണാറുണ്ട്. 

അതില്‍ നിന്നും മനസ്സിലാക്കാവുന്നത്,
മനുഷ്യന്‍ നന്നാവുന്നത് മതഗ്രന്ഥങ്ങളുടെ പാരായണം കൊണ്ടല്ല,
അത് മറ്റെന്തൊക്കെയോ ഘടകങ്ങള്‍ കൊണ്ടുകൂടിയാവാം എന്നാണ്.
ഇവിടെ വിശുദ്ധഗ്രന്ഥങ്ങള്‍ ഒന്നുപോലും ഇല്ലായിരുന്നെങ്കിലും,
നമ്മളൊക്കെ ഇതുപോലെത്തന്നെ ഇവിടെ ജീവിക്കുമായിരുന്നു.

എന്നാല്‍ മതങ്ങള്‍ ശീലിപ്പിച്ച ഭയവും, അന്ധവിശ്വാസവും, ഉള്ളിലടങ്ങിയവര്‍ 
നേരെ തിരിച്ചു മാത്രമേ പറയാറുള്ളൂ. അവര്‍ക്ക് അതിനു മാത്രമേ സാധിക്കൂ.

"നീ നന്നാവണം" എന്ന മട്ടിലുള്ള ചില ഉപദേശങ്ങള്‍ മതഗ്രന്ഥങ്ങളില്‍ 
ഇല്ലാതില്ല. കൊല്ലരുത്, വ്യഭിചരിക്കരുത്, എന്നൊക്കെ ആര്‍ക്കും പറയാന്‍ കഴിയും.
അതൊക്കെ മതഗ്രന്ഥങ്ങളിലും കാണാം. എന്നാല്‍ അടുത്ത പടിയായി 
യുദ്ധങ്ങളെ മഹത്വവല്‍ക്കരിക്കുന്ന വിവരണങ്ങളും അതില്‍ കാണും.
അതില്‍നിന്നും നമുക്ക് ഒന്ന് മനസ്സിലാക്കാം. ഉദ്ദേശരഹിതങ്ങളും, 
ലക്ഷ്യമില്ലാത്തവയും, ആയ വ്യര്‍ത്ഥസങ്കല്പങ്ങളുടെ അലസമായ കുത്തിക്കെട്ടുകള്‍
മാത്രമാണ് മതഗ്രന്ഥങ്ങള്‍ . പ്രാചീന മനുഷ്യന്റെ വിവേകശൂന്യതയില്‍ നിന്നും 
പിറവിയെടുത്ത അപരിഷ്കൃത രചനകള്‍ .
അവ വായിച്ചു സമയം കളയുന്നതുകൊണ്ട് പുതിയ തലമുറക്ക് പ്രയോജനമില്ല.

മതഗ്രന്ഥങ്ങള്‍ മിക്കവയും നന്നായി വായിച്ചു മനസ്സിലാക്കിയ അനുഭവം 
വെച്ചുകൊണ്ട് ഞാന്‍ ആത്മാര്‍ഥമായി എഴുതുന്നതാണ് ഇത്.

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.