Wednesday, August 13, 2014

എല്ലാ മതങ്ങളുടേയും ലക്‌ഷ്യം മനുഷ്യനന്മ തന്നെ


ആ പ്രസ്താവന തെറ്റാണെന്നു പറയുക വയ്യ. 
എന്നാല്‍ ആ നന്മയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പോന്ന ആശയാടിത്തറ 
കൈവരിച്ച ഏതൊരു മതവും ഇന്നുവരെ ഉണ്ടായിവന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

അതു മറച്ചുവെച്ചുകൊണ്ട്, "എല്ലാ മതങ്ങളുടേയും ലക്‌ഷ്യം മനുഷ്യനന്മ തന്നെ" 
എന്നു മാത്രമായി പറഞ്ഞവസാനിപ്പിച്ച്, മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയെന്നതാണ് 
യാഥാസ്ഥിതികര്‍ ചെയ്തുപോരുന്നത്. ആ പ്രസ്താവനയില്‍ ഒരു അപകടമുണ്ട്.
അപൂര്‍ണ്ണമായ ഒരു പ്രസ്താവന കൊണ്ടുള്ള അപകടമാണ് അതിന്റെ ഉള്ളടക്കം.

എല്ലാ മതങ്ങളും മനുഷ്യരില്‍ നിന്നുമാണ് ഉണ്ടായത്. മനുഷ്യ സമൂഹങ്ങള്‍ 
നിരന്തരം പരിഷ്കരിക്കപ്പെട്ടു പോരുന്നു. എന്നാല്‍ മതവിശ്വാസങ്ങള്‍ ആവട്ടെ,
അവ അവയുടെ ഉത്ഭവകാലത്തെ ആശയങ്ങളില്‍ തന്നെ എല്ലാ കാലവും 
നിലനിന്നു പോരുന്നു. അവയെ നങ്കൂരമിട്ട കപ്പലുകളോട് ഉപമിച്ചാല്‍ തെറ്റില്ല. 
ഓടാതെ കിടക്കുന്ന അത്തരം ശകടങ്ങള്‍ യാത്രയ്ക്ക് ഉപകാരപ്പെടില്ലല്ലോ?

മതങ്ങള്‍ അവയുടെ ഉത്ഭവകാലങ്ങളില്‍ പരിഷ്കാരത്തിന്റെ മുഖമുദ്രകള്‍ 
പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകാം. ആ കാരണങ്ങളാല്‍ ആ കാലഘട്ടങ്ങളിലെ 
ജനതയ്ക്ക് അത്തരം മതങ്ങളെക്കൊണ്ട് പ്രയോജനം സിദ്ധിച്ചിട്ടും ഉണ്ടാകാം. 
അതിനാലായിരിക്കും അവര്‍ അവയെ വാഴ്ത്തിയിരിക്കുക. എന്നാല്‍ ഇന്നും 
അതേറ്റുപാടുന്നവരെ വിഡ്ഢികളെന്നല്ലാതെ മറ്റെന്തു വിളിക്കാന്‍ ?

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളില്‍ അറുപഴഞ്ചന്മാരായി 
മാറിത്തീരുകയാണ് മതങ്ങള്‍ . ഇന്നത്തെ ജനസമൂഹങ്ങള്‍ക്ക് ആ മതങ്ങള്‍ 
വെറും തലച്ചുമടു മാത്രമാണ്. നവമാനുഷ സമൂഹത്തില്‍ നമുക്ക് 
നവശാസ്ത്രങ്ങളെ പിന്‍പറ്റി ജീവിക്കാം. അങ്ങനെ നമുക്കു കാലത്തിനൊത്തു 
നീങ്ങാം. മുഷിഞ്ഞ വസ്ത്രങ്ങള്‍ നമുക്ക് ഉരിഞ്ഞുമാറ്റാം.


No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.