Sunday, August 10, 2014

ന്യായാധിപന്മാരും, നീതിപാലകന്മാരും.

കുറെ നാള്‍ എനിക്ക് അന്നം കിട്ടിയിരുന്നത് സുപ്രീം കോടതിയില്‍ നിന്നുമായിരുന്നു. 
ഞാനൊരു വക്കീല്‍ ഗുമസ്തനായിരുന്നു. ആദ്യം സുപ്രീം കോടതിയിലെ 
എണ്‍പത്തിനാലാം നമ്പര്‍ ലോയേര്‍സ് ചേമ്പറിലായിരുന്നു ജോലി. 
പില്‍ക്കാലത്ത് ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറായി സ്ഥാനമേറ്റ 
ശ്രീ. മുരളീധര്‍ സി. ഭണ്ഡാരിയുടെ ചേമ്പറില്‍ . 

സുപ്രീം കോടതിയില്‍ ഏറ്റവും കൂടുതല്‍ ലിസ്റ്റിഗ് ഉണ്ടായിരുന്ന
ശ്രീ. ഏ.കെ. സാംഗിയുടെ ഗുമസ്തനായി പിന്നീട്.

ഭാവിയില്‍ കേന്ദ്രമന്തിമാരായി മാറാനിരുന്നിരുന്നവരും, സുപ്രീം കോടതിയിലെ
തന്നെ ചീഫ് ജസ്റ്റിസുമാരായി തീരാനുള്ളവരും, അടക്കം അനവധി സീനിയര്‍
അഭിഭാഷകന്മാരുമായി അടുത്തിടപഴകാനുള്ള അവസരമായിരുന്നു
അന്നത്തേത്. അങ്ങനെ ചില വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു
എങ്കിലും, എനിക്കൊരിക്കലും വ്യക്തിപരമായ യാതൊരു നേട്ടവും ഉണ്ടാക്കാന്‍
ആ ബന്ധങ്ങള്‍ കൊണ്ട് ഇന്നുവരെ അവസരം വന്നിട്ടില്ല.

എന്നാല്‍ ആ കാലഘട്ടം എന്നെ ചില നല്ല കാര്യങ്ങള്‍ പഠിപ്പിച്ചിരുന്നു.
ഒരു ഭരണഘടനയുടെ ദൗര്‍ഭല്യങ്ങള്‍ എങ്ങനെയൊക്കെ ആയിക്കൂടാ എന്നും,
ഇന്ത്യയില്‍ അതിസമ്പന്നന്മാരുടെ ലോകത്ത് എങ്ങനെയെല്ലാം കാര്യങ്ങള്‍
എളുപ്പമായി നീങ്ങുന്നു എന്നും, നമ്മുടെ ഭരണഘടനയ്ക്ക് എവിടെയൊക്കെ
തുളകള്‍ വീണുകിടക്കുന്നുണ്ട് എന്നുമൊക്കെ മനസിലാക്കാന്‍ ആ കാലഘട്ടം
എനിക്ക് വളരെയേറെ പ്രയോജനപ്പെട്ടിരുന്നു.

നമ്മുടെ നാട്ടില്‍ നിയമവാഴ്ച കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍
ഏതെങ്കിലും ചില എളുപ്പവിദ്യകള്‍ കൊണ്ട് കഴിയുമോ എന്നതായിരുന്നു
അക്കാലത്തൊക്കെയും ഞാന്‍ എന്റെ മനസ്സില്‍ കൊണ്ടുനടന്നിരുന്ന
ഗവേഷണ വിഷയം. കാര്യക്ഷമത കരഗതമാക്കാന്‍ ഒന്നാമതായി വേണ്ടുന്നത്
നീതിപാലകന്മാരെ ന്യായാധിപന്മാര്‍ക്ക് കീഴിലേക്ക് കൊണ്ടുവരിക എന്നതാണ്.

ഇന്നത്തെ നിലയില്‍ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളുടെ കീഴിലുള്ള
ഉദ്യോഗസ്ഥന്മാരുടെ മുകളിലും, കോടതിക്ക് അതിന്റെ അധികാരം ചുമത്താം.

എന്നിരിക്കലും, അതതു മന്ത്രാലയങ്ങളോടു മാത്രമാണ് ഈ ഉദ്യോഗസ്ഥര്‍
പ്രഥമമായി ഉത്തരം പറയേണ്ടത്. നിയമനവും, ശിക്ഷാനടപടികളും,
നീക്കംചെയ്യലും, എല്ലാമെല്ലാം മന്ത്രാലയങ്ങള്‍ നോക്കിനടത്തുന്നു.
എപ്പോഴെങ്കിലും പരാതികള്‍ വരുമ്പോള്‍ മാത്രമാണ് കോടതികള്‍ക്ക്
ഇടപെടാനുള്ള അവസരം വന്നുചേരുന്നത്.

എന്നാല്‍ ക്രമസമാധാന ചുമതലയുള്ള നീതിപാലകരെ നേരെ കോടതിയുടെ
ചുവട്ടിലേക്കു കൊണ്ടുവന്നാല്‍ രാജ്യത്തെ ഒരുപാടു പ്രശ്നങ്ങള്‍ ഒറ്റയടിക്ക്
നീങ്ങിക്കിട്ടും. ഇപ്പോള്‍ ആഭ്യന്തര വകുപ്പ് കൈവശം വെക്കുന്ന അധികാരങ്ങളും,
ചുമതലകളും, ഏറെക്കുറെയൊക്കെ നാളെ കോടതി നേരിട്ട് കയ്യാളിയാല്‍
ഉദ്യോഗസ്ഥര്‍ക്ക് മൂന്നാംകിട രാഷ്ട്രീയക്കാരന്റെ ആജ്ഞകള്‍ക്ക് മുമ്പില്‍
പിന്നീടൊരിക്കലും നടുവളച്ചു നമിച്ചുനില്‍ക്കേണ്ടിവരില്ലായിരുന്നു.

മാത്രവുമല്ല, താന്‍ ഇടപെട്ടിരിക്കുന്ന കേസുകളില്‍ വേണ്ടത്ര അന്വേഷണ
ഉദ്യോഗസ്ഥരെ നിയമിച്ചു കിട്ടുന്നതും കാത്ത് ന്യായാധിപന്മാര്‍ക്ക് നല്ല
അവസരങ്ങളെ പാഴാക്കിക്കളയേണ്ടാതായും വന്നേക്കില്ല.

ഇപ്പോഴത്തെ നിലയില്‍ ന്യായാധിപന്മാരും, നിയമപാലക ജോലി ചെയ്യുന്ന
സേനകളും, തമ്മിലുള്ള അകലം അപാരമാണ്.
അത് അത്യധികം അസൌകര്യങ്ങളും ഉണ്ടാക്കുന്നു.

കോടതികളെ കബളിപ്പിച്ചുകൊണ്ട് സര്‍ക്കാരും, കാക്കിയുദ്യോഗസ്ഥപ്പടയും,
ചേര്‍ന്ന് മറ്റൊരു വ്യൂഹം ചമഞ്ഞുകൊണ്ട് നടത്തുന്ന വ്യാജ ഭീകരവേട്ടാ
നാടകങ്ങളും, വാഷ്-ഔട്ട്‌ നടപടികളും, ഞാന്‍ നിര്‍ദ്ദേശിച്ച ഈ മാറ്റം കൊണ്ട്
സ്വിച്ച് ഇട്ടതുപോലെ നിര്‍ത്താന്‍ കഴിയും.

പക്ഷെ ഇന്നുവരെ ഞാന്‍ കണ്ടിട്ടുള്ള സീനിയര്‍ അഭിഭാഷകരില്‍ ഒരാള്‍
പോലും ഇങ്ങനെ ഒരു നിര്‍ദ്ദേശം വെക്കുകയോ, നമ്മുടെ സാംസ്കാരിക
നേതാക്കളില്‍ ആരെങ്കിലും ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുകയോ,
ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍
എനിക്കൊരു അവസരം കിട്ടിയാല്‍ .........

കിട്ടിയിട്ടില്ലല്ലോ! അതിരിക്കട്ടെ കൂടുകാരെ; നിങ്ങളുടെ അഭിപ്രായമെന്താ?
സേന നന്നായാല്‍ പിന്നെ ആരാ നന്നാവാത്തത്?
അഴിമതിയുടെയും, മാഫിയകളുടെയും, കഴുത്തില്‍ കത്തിവെക്കാന്‍
ഇതിനേക്കാള്‍ എളുപ്പമായ മറ്റുചില വഴികള്‍ നിങ്ങളും നിര്‍ദേശിക്കുമല്ലോ?

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.