Saturday, January 03, 2015

പരിഹാരമില്ലെന്നോ, പാവങ്ങളുടെയീ പിതൃദുഃഖങ്ങള്‍ക്ക്?


കണ്ണീരൊടുങ്ങാത്ത കദന കഥ കാലത്തോടോതി കഥാവശേഷനായ
പതിതനായൊരു പിതാവിന്റെ ശാപം നമ്മുടെ ശിരസ്സില്‍ ഇപ്പോഴേയുണ്ട്.
തന്‍റെ നിസ്സഹായ വാര്‍ദ്ധക്യത്തിലെ പുത്രവ്യഥ താങ്ങാനാവാതെ നെഞ്ചു തകര്‍ന്ന
ആ പിതാവ് നമ്മോടു വിടവാങ്ങിയിട്ടു വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു.
അന്നു പരിഹാരമുണ്ടാക്കാനാവാഞ്ഞ ആ പുത്രദുഃഖം പില്‍ക്കാലമെങ്കിലും
പരിഹരിക്കപ്പെട്ടില്ലെങ്കിലും, അത് ആവര്‍ത്തിക്കപ്പെടെരുതെന്ന്,
കാലമതിന്റെ കരളില്‍ കോറിയിട്ടിരിക്കാം.

എന്നാല്‍ ഈച്ചരവാര്യരുടെ അതേ കഥകള്‍ പിന്നെയും, പിന്നെയും,
പത്രത്താളുകളില്‍ പരതിവായിക്കപ്പെട്ടപ്പോള്‍ ഇവിടെ ഒന്നുറപ്പാക്കപ്പെട്ടു.
കാലത്തിന്റെ കണ്ണീര്‍പ്പോലും കണ്ടറിയാനാകാത്ത കേരളീയന്റെ കഥയില്‍
കാതലായ കഥാന്തരങ്ങളൊന്നും കാണാനൊക്കില്ലെന്ന്.

രാജന്‍ കേസിനു ശേഷം അതിനേക്കാള്‍ ദാരുണമായ മറ്റൊരു പിതൃവിലാപം
ഇതേ മണ്ണില്‍ മുഴങ്ങിയിന്നും മാറ്റൊലിക്കൊള്ളുമ്പോള്‍,
നമ്മുടെ സമൂഹം ലജ്ജയോടെ ഏറ്റുപറയേണ്ടിയിരിക്കുന്നു!
ചരിത്രത്തില്‍ നിന്നും തങ്ങള്‍ യാതൊന്നും പഠിച്ചിട്ടില്ലായെന്ന്!
യഥാവിധി പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ തങ്ങളിനിയും പഠിക്കാന്‍ ശ്രമിച്ചിട്ടേയില്ലെന്ന്.

അമൃതാനന്ദപുരിയില്‍ ആഘോഷങ്ങളുടെ അവസാനിക്കാത്ത ആരവങ്ങളുമായ്
ആയിരം ആര്‍ഭാടവിളക്കുകള്‍ അപ്പോഴും കത്തിത്തിളങ്ങിനില്‍ക്കേ,
മനോരോഗിയായിരുന്ന തന്റെ മകന്റെ രക്തത്തിന്, ഇനിയും നേടിയിട്ടില്ലാത്ത
നീതിയെത്തേടി, ഹതാശയനായ ഒരു പിതാവ് ഇതേ മണ്ണില്‍ ചുറ്റിത്തിരിയുന്നു!
ദുരന്തങ്ങള്‍ ഈ വാനില്‍ പിന്നെയും, പിന്നെയും, വട്ടമിട്ടു പറക്കുന്നു!
നിലയ്ക്കാത്തതിവിടെ നിഷ്ക്കളങ്കരുടെ നീണ്ട ശവഘോഷയാത്രകള്‍ മാത്രം.

വ്യഥയൊടുങ്ങാത്ത ഹൃദയവുമായി ആ വയോധികന്‍ ഇങ്ങനെയിവിടെ ഊരുചുറ്റുമ്പോള്‍,
വിതുമ്പലൊതുക്കാനാവാത്ത ചങ്കോടെ, നമുക്കിങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തോന്നിയിരുന്നെങ്കില്‍!
"ആ കാലുകള്‍ക്കൂടി ഇവിടെ ഇടറി വീഴാതിരുന്നെങ്കില്‍!
ആ ശാപം കൂടി നമ്മുടെ തലയില്‍ വീഴാതിരുന്നെങ്കില്‍!"
എങ്കില്‍ നമ്മള്‍ ഇപ്പോഴെങ്കിലും പ്രതികരിക്കേണ്ടിയിരിക്കുന്നു.

സത്നം സിങ്ങിന്‍െറ മരണം:
"സര്‍ക്കാര്‍ എതിര്‍കക്ഷികളെ സഹായിക്കുന്നു." -പിതാവ്.

കൊച്ചി: അമൃതാനന്ദമയി മഠത്തില്‍നിന്ന് തന്‍െറ മകനെ കാവല്‍ഭടന്മാര്‍
പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയും പിന്നീട് പേരൂര്‍ക്കട മനോരോഗാ
ശുപത്രിയില്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍
നിലപാട് ദുരൂഹമെന്ന് സത്നംസിങ്ങിന്‍െറ പിതാവ് ഹരീന്ദ്രകുമാര്‍ സിങ്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ
ഹരജിയില്‍ ശരിയാംവണ്ണം മറുപടി നല്‍കാതെ എതിര്‍കക്ഷികള്‍ക്ക്
സഹായകരമായ നിലപാടെടുക്കുകയാണ് സര്‍ക്കാറെന്ന് ഭാര്യ സൂമന്‍സിങിനും
ഇളയമകന്‍ കരണ്‍ദീപ് സിങിനും ഒപ്പം എത്തിയ ഹരീന്ദ്രകുമാര്‍ സിങ് വാര്‍ത്താ
സമ്മേളനത്തില്‍ ആരോപിച്ചു. നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ഉറപ്പുനല്‍കിയ
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പിന്നാക്കം പോയതായി സംശയിക്കുന്നു.
നിയമസഭയില്‍ സി.ബി.ഐ അന്വേഷണത്തിന് തയാറെന്ന് പറഞ്ഞ സര്‍ക്കാര്‍ ഹൈകോടതിയില്‍ ഈ നിലപാടെടുക്കുന്നില്ല.

അന്വേഷണം ശരിയായ ദിശയിലല്ളെന്ന് കോടതിയില്‍ പറഞ്ഞ ഗവ. പ്ളീഡറെ
മാറ്റി പകരം ഈ കേസില്‍ ഇപ്പോള്‍ അഡ്വക്കറ്റ് ജനറലാണ് ഹാജരാകുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
വൈദ്യ വിജ്ഞാനത്തിന്‍െറ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി തങ്ങള്‍ പരിശോധിച്ചിരുന്നു. പ്രഫഷനല്‍ കൊലയാളിയുടെ മുദ്രപതിഞ്ഞ ആ പരിക്കിന്‍െറ കാരണക്കാരന്‍, മനോരോഗകേന്ദ്രത്തിലെ മര്‍ദകരില്‍ ഉള്‍പ്പെടാന്‍ ഒരു സാധ്യതയുമില്ല.
അതേസമയം, മഠത്തില്‍വെച്ച് ക്രൂരമായി മര്‍ദനമേറ്റിരുന്നു. ഇത്തരം ദുഷ്ടതകള്‍ ആവര്‍ത്തിക്കപ്പെടരുത്. അതിനാല്‍, സത്നമിന്‍െറ രക്തത്തിന് നീതി കിട്ടണം.
മകന്‍െറ യഥാര്‍ഥ കൊലയാളികള്‍ ആരെന്ന് കണ്ടുപിടിച്ചേ മതിയാകൂ. അവരെ
നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണം. ഈ ലക്ഷ്യത്തോടെ തങ്ങള്‍ നടത്തുന്ന
ശ്രമങ്ങള്‍ക്ക് രാഷ്ട്രീയ പ്രബുദ്ധരും നീതിബോധമുള്ളവരുമായ കേരളീയ ജനതയുടെയും മാധ്യമങ്ങളുടെയും സഹായം ഹരിന്ദര്‍കുമാര്‍ സിങ് അഭ്യര്‍ഥിച്ചു.

സത്നംസിങ് ഡിഫന്‍സ് കമ്മിറ്റി ഭാരവാഹികളായ ടി.കെ. വിജയന്‍ മാസ്റ്റര്‍,
കെ.എം. ബേബി, ഇസാബിന്‍, പ്രഫ.കെ. അജിത, എന്‍.പി. അജിതന്‍
എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
(വാര്‍ത്ത: മാധ്യമം ദിനപ്പത്രത്തോടു കടപ്പാട്)

https://www.facebook.com/author.indhran/posts/352430611595890:0

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.