Saturday, July 26, 2014

ഇടനെഞ്ചില്‍ എരിയുന്ന തീയ്

ഇടനെഞ്ചിലെരിയുന്ന തീയാണ് നീയെന്‍റെ
കരളിലെ കര്‍പ്പൂരത്തിരിനാളമേ. 

നക്ഷത്രക്കനലുകള്‍ രോമാഞ്ചപ്പൂത്തിരിയാക്കുന്ന
ഇരവിന്‍റെ വിണ്ണിലെ ചന്ദ്രതാരേ.

മനസ്സിനെ വാഴും വിഷാദസമൃതികളില്‍, -കാവലായ്, 
അലിവിന്‍റെ പൊലിയാത്ത നിലവിളക്കേ.

കാര്‍മുകിലിന്‍റെ കാര്‍ക്കശ്ശ്യം മാനം ഭരിയ്ക്കവേ,
വര്‍ണ്ണ പ്രഭയാല്‍ വിരാജിയ്ക്കും മാരിവില്ലേ.

സ്നേഹമറിയാത്ത ജീവിതപാന്ഥാവില്‍ നീയേകി
പ്രഥമമായ് പ്രേമത്തിന്നമൃതുധാര.

മമ മനസ്സിന്‍റെ ആയിരമറകളില്‍ ഞാന്‍ നിന്നെ
കുടിയിരുത്തീടട്ടേയെന്‍ ശ്രീദേവിയായ്.

ഒരടിമയായ് എളിമയില്‍ നമ്രശിരസ്കനായ്
നിലനിന്നിടട്ടെ നിന്‍ സ്നേഹത്തിരുനടയില്‍.

ഒരു മണിവീണ നാദമായെന്നെന്നും നിന്‍ മൃദു
കരളില്‍ ശയിക്കുവാന്‍ മോഹിപ്പൂ ഞാന്‍

എന്‍റെ ഹൃദയം ഞെരിക്കും വേപഥുവെനിക്കു നീ, 
നിന്നെയരികത്തു കാണാത്ത വേളകളില്‍

വിരഹം വിഷാദമായ് ധമനിയിലുറയുമ്പോള്‍, 
ആധിയെന്നിടനെഞ്ചുരുക്കും പരിഭ്രാന്തിയായ്.

അതു സിരകളില്‍ പടരുന്ന വിറയാര്‍ന്ന സംഭ്രമം,
ഞാനാകെത്തളരുന്ന ദുര്‍ബ്ബല നിമിഷങ്ങളും.

ഒരുനോക്കു കാണാതെ ഹൃദയം തുടിക്കുന്നൂ,
അരികില്‍ നീയെന്നെത്തും പോന്നോമലേ?

നീയകലത്തിരുന്നാലുമാപത്തു കൂടാതെ
കഴിയണേയെന്നെന്‍റെ പ്രാര്‍ത്ഥനകള്‍.

ഏകയവകാശി നീ മാത്രമെല്ലാം നിനക്കെന്‍റെ
വ്യഥയും അശാന്തിയും പുഞ്ചിരിയും.

ഇനി വരികള്‍, നിനക്കെന്‍റെ തൂലികയും,
നൂറു കവിതകള്‍ മനസ്സിലെ നന്മകളും.

അതില്‍ വിരല്‍തൊട്ടുണരുന്ന രാഗതാളങ്ങളും,
എന്‍റെ വിരലും നിനക്കീ വിപഞ്ചികയും.

ഇനിയും നിനക്കെന്‍റെ കാല്‍പ്പാടുകള്‍ വീണ
ഈ പുഴയോരവും, പൂത്ത പൂമരവും.

ഉയിര്‍പോലുമുനക്കെന്‍റെ പ്രണയിനീ
നീ മാത്രമവകാശിയിനിയെന്‍റെ ആത്മാവിനും.

ഇടനെഞ്ചിലെരിയുന്ന തീയാണ് നീയെന്‍റെ
കരളിലെ കര്‍പ്പൂരത്തിരിനാളമേ

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.