Saturday, July 26, 2014

കുടല്‍ കുഴിമാടമാക്കുന്ന കൂട്ടുകാര്‍ കണ്ണുതുറന്നിരുന്നെങ്കില്‍ !

 കൊച്ചുകുട്ടിയായിരിക്കുന്ന കാലത്ത് മാക്കനെ പച്ചത്തവള എന്നാണു ഞങ്ങളൊക്കെ പറഞ്ഞുവന്നിരുന്നത്. വന്‍തോതില്‍ കീടങ്ങളെ തിന്നൊടുക്കിയിരുന്നതിനാല്‍ മാക്കാനെ അന്നൊക്കെ ഗ്രാമീണരായ കൃഷിക്കാര്‍ക്ക് വലിയ സ്നേഹവുമായിരുന്നു.

എന്നാല്‍ ആ സ്നേഹമൊന്നും മാക്കാന് തുണയായില്ല എന്നുവേണം പറയാന്‍ . മാക്കാനെ പറ്റി ഓര്‍ക്കുമ്പോള്‍ സങ്കടകരമായ കാഴ്ചകളാണ് ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നത്. മനുഷ്യന്‍ എത്ര ക്രൂരനായ ജീവിയാണെന്ന തിരിച്ചറിവുകൂടെ ആ ഓര്‍മ്മകളോടൊപ്പം ചേര്‍ക്കപ്പെടുന്നു.

തവളക്കാലിനു വിദേശങ്ങളില്‍ വന്‍ ഡിമാണ്ട് ഉണ്ടായിരുന്ന കാലമായിരുന്നു അത്. കൃഷിക്കാരടക്കമുള്ള ഗ്രാമീണര്‍ രാത്രി പെട്രോള്‍ മാക്സുമായി ഇറങ്ങും. അവര്‍ ചാക്കുകണക്കിനു മാക്കാന്മാരെ പിടികൂടും.

പുലര്‍ച്ചെ അവയുടെ കാലുകള്‍ മാത്രം അറത്തെടുക്കും. അര്‍ദ്ധപ്രാണനായി, ആരിലും അനുകമ്പയുണര്‍ത്തുന്ന അര്‍ദ്ധശരീരികളായി, അവ പാതയോരങ്ങളില്‍ മരണവുമായി മല്ലിട്ടുകിടക്കും.

കാലുകള്‍ വെട്ടിയെടുക്കുന്ന ഗ്രാമീണര്‍ അവയെ ഒന്ന് കൊന്നുകൊടുക്കാന്‍ പോലും ദയ കാണിക്കാറില്ല.

ജീവന്‍ പറിഞ്ഞുപോകുന്ന വേദന കടിച്ചിറക്കിക്കൊണ്ട് ആ സാധുജീവികള്‍ അവയുടെ ആയുസ്സൊടുങ്ങിക്കിട്ടാന്‍ ഊഴം കാത്തുകിടക്കും.

അവയെ ജീവനോടെ കൊത്തിവലിക്കാന്‍ കാക്കകള്‍ വന്നെത്തുമ്പോള്‍ , മനുഷ്യന്റേതിനു തുല്യമായ അവയുടെ കുഞ്ഞു മുന്‍കാലുകള്‍ നീട്ടിനീട്ടിവെച്ച്‌, മുറിവാര്‍ന്ന ശരീരവുമായി ഈ പാവങ്ങള്‍ നിലത്തിഴയും.

നീണ്ട മണിക്കൂറുകള്‍ വേദന തിന്നതിനു ശേഷമാണ് അവ ജീവന്‍ വെടിയാറുള്ളത്. അവയുടെ അവസാന ശ്വാസം വരെയും ആ മിണ്ടാപ്രാണികളുടെ ശാപം മനുഷ്യരിലേക്ക് പാഞ്ഞുകൊണ്ടേയിരിക്കും.

ഇന്നും മാക്കാന്‍ ഉണ്ട്. എണ്ണം നന്നേ കുറവാണെന്നു മാത്രം. ചില സുമനസ്സുകളുടെ ഇടപെടല്‍ കൊണ്ട് മാക്കാന്‍ സംരക്ഷിത ജീവികളുടെ പട്ടികയില്‍ വന്നുപെട്ടതിനാല്‍ ഈ ക്രൂരത ഇന്ന് വളരെ കുറവായിട്ടുണ്ട്.

മാക്കാന്‍ ഇല്ലെങ്കിലും മലയാളിക്ക് മഴ കിട്ടിക്കൊള്ളും.
എന്നാല്‍ തന്റെ തലയില്‍ വീഴുന്നത് മാക്കാന്റെ ശാപപ്പെരുമഴയാണെന്നുകൂടി മലയാളി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

കുടല്‍ കുഴിമാടമാക്കുന്ന കൂടുകാര്‍ കണ്ണുതുറന്നിരുന്നെങ്കില്‍ !


No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.